ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോരാട്ടം ശക്തമാകുന്നു. രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ജന്തർ മന്തർ പ്രദേശത്തേക്കാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്.

പൊലീസിനെ ഉപയോ​ഗിച്ച് പ്രവർത്തകരെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ജന്തർ മന്തറിലേക്ക് നടന്ന പൗരത്വ റാലിയിൽ പങ്കെടുത്ത ഐസ പ്രസിഡന്റ് നേഹ ബോറ ഉൾപ്പെടെ നിരവധിയാളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, നേഹയെ കസ്റ്റഡിയിലെടുത്ത വാഹനം പ്രവർത്തകർ തടഞ്ഞു.

എസ്‌ഐആർ നടപടികളിൽ ഉൾപ്പടെ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികൾ വെളിച്ചത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഞായറാഴ്ച വൈകിട്ട് നാലോടെ വിവിധ സംഘടനകൾ സംയുക്തമായി നടത്തുന്ന പൗരത്വ പ്രതിഷേധം ആരംഭിച്ചത്.

ഇതിനിടെ പ്രതിഷേധക്കാരെ വെള്ളം കുടിക്കാൻ പോലും പൊലീസ് അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. നിരവധി പ്രവർത്തകർ സമരവേദിയിൽ കുഴഞ്ഞുവീണു. സമാധാനപരമായി മാർച്ച് ചെയ്ത് എത്തിയ പ്രവർത്തകർക്ക് നേരെയാണ് പൊലീസ് കയ്യേറ്റം.

പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്ര സേനയെയും രം​ഗത്തിറക്കിയിട്ടുണ്ട്. പ്രവർത്തകരെ ജന്തർ മന്തറിലെത്താതിരിക്കാൻ ബലംപ്രയോ​ഗിച്ച് നീക്കുകയാണ് പൊലീസ്. അതേസമയം, ക്രൂരമായ അക്രമണങ്ങൾ നേരിട്ടിട്ടും പിന്മാറാതെ പ്രവർത്തകർ പ്രതിഷേധം ശക്തമായി തുടരുകയാണ്.