ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഗ്രാമതലത്തില്‍ തുടങ്ങിയ ദേശീയതലം വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തിനാണ് കോണ്‍ഗ്ര് തീരുമാനം. ഒക്ടോബർ 10 മുതൽ ബ്ലോക്ക്‌ തല പ്രതിഷേധത്തിന് തുടക്കമിടും. തുടര്‍ന്ന് ഗ്രാമതല പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നവംബർ ഒന്നിന്, ഇന്‍ഡ്യാ സംഖ്യത്തിലെ മുന്നണികള്‍ക്കൊപ്പം ഡൽഹി രാം ലീലാ മൈതാനിയില്‍ മഹാറാലി സംഘടിപ്പിക്കും. നവംബർ 25നും, 26നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ‘ചലോ ഡൽഹി’ യാത്ര നടത്തും. ആറ് യാത്രകള്‍, ആറ് നേതാക്കളാകും നയിക്കുകയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിന് ഒരു നിമിഷം പോലും ആ കസേരയില്‍ തുടരാന്‍ അധികാരമില്ല. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ചീറ്റിങ് കമ്മീഷണര്‍ ഓഫ് ഇന്ത്യയായി മാറിയെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.