ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം. അപ്രതീക്ഷിത സമരതന്ത്രങ്ങളിലൂടെ പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സമ്മർദ്ദം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ എം.പിമാർ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താന്‍ ഒരുങ്ങുകയാണ്.

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിരുന്നൊരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസുകളിലാണ് പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക് തിരിഞ്ഞത്. എന്നാൽ ജനപഥിൽ വച്ച് നേതാക്കൾ സഞ്ചരിച്ച ബസുകൾ പോലീസ് തടഞ്ഞതോടെ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ബസിലുണ്ടായിരുന്നു. തുടര്‍ന്ന് ആര്‍എഎഫ് വാഹനം കുറുകെയിട്ട് ബസ് തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് പ്രതിപക്ഷം.

“ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ അട്ടിമറിച്ച രാജ്യദ്രോഹിയാണ്. അദ്ദേഹം രാജിവെക്കുന്നത് വരെ സമരം തുടരും. എനിക്കെതിരെ ചുമത്തുന്ന ഓരോ എഫ്.ഐ.ആറും ഓരോ മെഡലുകളായാണ് ഞാൻ കാണുന്നത്, നൂറ് മെഡലുകളാണ് എന്റെ ലക്ഷ്യം” രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കഴിഞ്ഞദിവസം ആകാശവാണി ഭവന് മുന്നിൽ നടത്തിയ മിന്നൽ സമരത്തിന്റെ പേരിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ 12 നേതാക്കൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് ആകാശവാണി അധികൃതർ നൽകിയ പരാതിയിലാണ് കേസ്.