തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ യൂത്ത് കോണ്‍ഗ്രസ്-പൊലീസ് അതിക്രമത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്കി. ആസൂത്രിത അക്രമസംഭവങ്ങളില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. അക്രമികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അധികാര ദുര്‍വിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നതും കത്തിലെ പ്രധാന ആവശ്യമാണ്.
പതിവ് സമരകേന്ദ്രങ്ങള്‍ ഒഴിവാക്കി ഹോസ്റ്റല്‍ പരിസരത്തുനിന്നും മാര്‍ച്ച് ആരംഭിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനം ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 30-ന് രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം വടിവാള്‍, കരിങ്കല്ല്, ബിയര്‍ കുപ്പികള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ഹോസ്റ്റല്‍ വളഞ്ഞതും തീപ്പന്തങ്ങള്‍ വലിച്ചെറിഞ്ഞതും. ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാന് നേതൃത്വമോ പൊലീസോ തയ്യാറായില്ല. മാത്രമല്ല, മാര്‍ച്ചിന് ശേഷം തിരികെയെത്തി അക്രമം തുടര്‍ന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പൊലീസ് പൂര്‍ണ്ണ സംരക്ഷണം നല്‍കിയെന്നും കത്തില്‍ ആരോപണമുണ്ട്.
പിന്നീട് പ്രശ്നപരിഹാരത്തിനെന്ന വ്യാജേന വാര്‍ഡന്റെ അനുമതി പോലുമില്ലാതെ ഹോസ്റ്റല്‍ ഗേറ്റ് തകര്‍ത്ത് അകത്തുകയറിയ പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദ്ദിക്കുകയാണുണ്ടായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികളെ ശാന്തരാക്കാന്‍ എത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും പൊലീസ് തല്ലിച്ചതച്ചു. ഈ അതിക്രമത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നാല്‍പ്പതോളം പേര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലന്‍സ് അക്രമികള്‍ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിന് പോലും പൊലീസ് മൗനാനുവാദം നല്‍കുകയാണുണ്ടായതെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി.
പൊതുമുതല്‍ നശിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ പിഡിപിപി ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ തയ്യാറാകാത്ത പൊലീസ്, പൊലീസിന്റെ തേര്‍വാഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച സിപിഐഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്, വി ജോയ് എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ഇരട്ടനീതിയെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഇതിനുപുറമെ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഭീഷണിപ്പെടുത്തിയ കന്റോണ്‍മെന്റ് എസ്ഐയുടെ നടപടി പൊലീസ് ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നും ഇത് സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിയമലംഘകര്‍ക്ക് കുടപിടിക്കുന്ന ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.




LEAVE A REPLY