തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി സ്പാകൾ പ്രവർത്തിപ്പിക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്യുന്നതിനെതിരെ പോലീസിന്റെ ശക്തമായ നടപടി. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സ്പാ’ നടപ്പിലാക്കി വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങളായി സംസ്ഥാനത്തുടനീളം പോലീസ് പരിശോധന കർശനമായി പുരോഗമിക്കുകയാണ്.

നിലവിൽ പല സ്ഥാപനങ്ങളും യാതൊരു നിയമങ്ങളും പാലിക്കാതെ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം മാത്രമാണ് പ്രവർത്തിക്കുന്നത്. പെൺകുട്ടികളെയും കുടുംബങ്ങളെയും ചൂഷണത്തിന് ഇരയാക്കാനും ആളുകളെ വഞ്ചിക്കാനും ഇത്തരം കേന്ദ്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.

കോവളത്ത് ഇതരസംസ്ഥാനക്കാരിയായ പതിനാറുകാരി സ്പായിൽ പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെയാണ് പരിശോധന പോലീസ് കൂടുതൽ ശക്തമാക്കിയത്. ലൈസൻസില്ലാതെയും നിയമങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന മുഴുവൻ സ്പാകളും പൂട്ടിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, മേഖലയിലെ അനാചാരങ്ങൾ തടയാൻ പുതിയ നിയമനിർമ്മാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.