കോഴിക്കോട്: പന്തീരങ്കാവ് അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി പൗരൻപോലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് ഖുഷിയ ജില്ലക്കാരനായ മുഹമ്മദ് മൊനിറുജ്മൻ (44)ആണ് പിടിയിലായത്. കണ്ണൂർ എടിഎസിന്റെ നേതൃത്വത്തിൽ പന്തിരാങ്കാവ് പോലീസിന്റെ സഹായത്തോടെയാണ് പെരുമണ്ണ പുത്തൂർ മഠത്തിന് സമീപം മുണ്ടു പാലത്ത് വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒരു മാസം മുമ്പാണ് ഇയാൾ മുണ്ടുപാലത്തെ വാടക ക്വാർട്ടേഴ്സിൽ താമസമാരംഭിച്ചത്. നേരത്തെ മാവൂർ കായലത്തെ വീട്ടിലായിരുന്നു താമസം. അന്ന് എടിഎസും മാവൂർ പോലീസും അവിടെയെത്തി നടത്തിയ പരിശോധനയിൽ ബംഗ്ലാദേശ് സ്വദേശിയായ ഇയാളുടെ സുഹൃത്ത് പിടിയിലായിരുന്നു. പോലീസിനെ കണ്ടതോടെ അന്ന് മുഹമ്മദ് മൊനീറുജ്മാൻ ഓടി രക്ഷപ്പെട്ടു. അതിനുശേഷം മലപ്പുറം ജില്ലയിലെ ഓമാനൂരിൽ താമസമാക്കി.അതിനിടയിലാണ് മുണ്ടുപാലത്ത് എത്തിയത്. എടിഎസിന്റെ നേതൃത്വത്തിൽ ഇയാളെ കണ്ടെത്തുന്നതിനുള്ള ഊർജിതമായ അന്വേഷണം നടത്തുന്നതിനിടയിൽ മുണ്ടുപാലത്ത് ഉണ്ടെന്ന രഹസ്യ വിവരം എ ടി എസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി മൊനീറുജമാൻ പിടിയിലായത്. മരം മുറി ജോലി ചെയ്തു വന്ന മുഹമ്മദ് മൊനീറുജമാൻ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുഴകടന്ന് ബംഗാളിൽ എത്തിയ ശേഷം ട്രെയിൻ മാർഗ്ഗമാണ് കേരളത്തിലേക്ക് വന്നത്. പത്തുവർഷം മുമ്പ്നിയമപരമായി വിസ ഉപയോഗിച്ചും ഇയാൾ കേരളത്തിൽ വന്നിരുന്നതായി പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.