ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും കിട്ടാത്ത തരത്തിലുള്ള അസാധാരണ സംരക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ മോദിയെ സഹായിച്ചതിൻ്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും അഭിജിത് ചോദിച്ചു. കൊണാട്ട് പ്ലേസിൽ നാളെ ദേശീയ പതാകയേന്തിയുള്ള പ്രതിഷേധം എല്ലാവരും അണിചേരണമെന്ന് ദീപ്കെ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ ജയിലില്‍ അടയ്ക്കുംവരെ പോരാട്ടം തുടരാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
സംയുക്ത വാര്‍ത്താ സമ്മേളനം അലങ്കോലപ്പെടുത്താന്‍ റിപ്പബ്ലിക് ടി വി മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ തത്സമയ പത്രസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വാര്‍ത്താസമ്മേളനത്തിനിടയില്‍ ഐസ ദേശീയ പ്രസിഡൻ്റ് നേഹ ബോറ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സംസാരിക്കുന്നതിനിടയിലാണ് റിപ്പബ്ലിക് ടി വിയിലെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം അലങ്കോലപ്പെടുത്തിയത്. തുടര്‍ന്ന് റിപ്പബ്ലിക് ടി വി മാധ്യമ പ്രവര്‍ത്തകരുമായി മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ തര്‍ക്കത്തിലാകുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ റിപബ്ലിക് ടി വിയിലെ രണ്ട് റിപ്പോര്‍ട്ടര്‍മാരെ വാര്‍ത്താ സമ്മേളന വേദിയില്‍ നിന്ന് മാറ്റി. ഗോദി മീഡിയ ഡൗണ്‍ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
ഡല്‍ഹി പൊലീസ് നടത്തുന്നത് നരവേട്ട ആണെന്ന് നേഹ ബോറ കുറ്റപ്പെടുത്തി. രാജ്യത്ത് അടിയന്തരാവസ്ഥ ആണെങ്കില്‍ മോദി അത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അഭിജീത് ദീപ്കെയും ആവശ്യപ്പെട്ടു. വോട്ട് കൊള്ളയിലൂടെ വിജയം നേടിയവര്‍ക്ക് എന്ത് ജനാധിപത്യം എന്നാണ് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് ചോദിച്ചത്.
നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വാർത്താസമ്മേളനത്തിന് ശേഷം നേതാക്കളും പ്രകാശ് രാജും രാജ്ഘടട്ട് സന്ദർശിച്ചു.




LEAVE A REPLY