ന്യൂ ഡൽഹി: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് രംഗത്ത് നിർണായക മാറ്റമാണ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഉപയോക്താവ് യുപിഐ ഇടപാടുകൾക്ക് ഒക്ടോബർ 15 മുതൽ 0.4 ശതമാനം വ്യാപാരി ഇടപാട് നിരക്ക് (MDR) ഏർപ്പെടുത്തും. ദേശീയ പേയ്മെന്റ് കോർപ്പറേഷൻ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാൽ പുതിയ നിരക്ക് ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള യുപിഐ ഇടപാടുകൾക്ക് തുക എത്രയായാലും ഈ നിരക്കുണ്ടാകില്ല. 2,000 രൂപ വരെയുള്ള ഉപയോക്താവ് വ്യാപാരി ഇടപാടുകൾക്കും പുതിയ നിരക്ക് ബാധകമല്ല. എന്നാല്‍ 2000ത്തിന് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും വ്യാപാരിയില്‍ നിന്നും ചാര്‍ജ് ഈടാക്കും. 

2,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള ഇടപാടുകൾക്കാണ് (Person-to-Merchant -P2M) യുപിഐ ഇടപാടുകൾക്കാണ് 0.4 ശതമാനം  നിരക്ക് ബാധകമാകുക. ഉദാഹരണത്തിന്, 3,000 രൂപയുടെ ഒരു ഇടപാടിന് 12 രൂപയും 50,000 രൂപയുടെ ഇടപാടിന് 200 രൂപയും നിരക്കായി വരും. എന്നാൽ 75,000 രൂപയ്ക്കും അതിന് മുകളിലുമുള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ മാത്രമായിരിക്കും ഈടാക്കുക. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ ചില മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപയുടെ നിശ്ചിത നിരക്കായിരിക്കും എംഡിആര്‍. 

സാധാരണ ഉപയോക്താക്കളെ ഈ ചാര്‍ജ് ബാധിക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സുഹൃത്തിനോ ബന്ധുവിനോ പണം അയയ്ക്കുന്ന ഇടപാടുകൾക്ക് പുതിയ നിരക്ക് ബാധകമല്ല. ഇടപാട് തുക എത്രയായാലും ഇത്തരം ഇടപാടുകൾ സൗജന്യമായി തുടരും.

അതുപോലെ 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾക്കും നിരക്കുണ്ടാകില്ല. ചെറുകിട വ്യാപാരികൾക്കും ഇളവുകൾ തുടരും. കുറഞ്ഞ തുകയിലുള്ള യുപിഐ ഇടപാടുകളിൽ വലിയൊരു ഭാഗവും സൗജന്യമായി തുടരുമെന്നാണ് സർക്കാർ പറയുന്നത്.

യുപിഐ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, സൈബർ സുരക്ഷ, ബാങ്കുകൾ, പേയ്മെന്റ് സേവനദാതാക്കൾ, യുപിഐ ആപ്പുകൾ എന്നിവയുടെ പ്രവർത്തനച്ചെലവുകൾക്കായി പേയ്മെന്റ് ഇക്കോസിസ്റ്റത്തിന് വരുമാനം ഉറപ്പാക്കുകയാണ് പുതിയ നിരക്കിലൂടെ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം.

ഇത് സർക്കാർ ഈടാക്കുന്ന നികുതിയല്ലെന്നും, എംഡിആര്‍ വഴി ലഭിക്കുന്ന തുക പേയ്മെന്റ് സംവിധാനത്തിലെ വിവിധ പങ്കാളികൾക്കിടയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.