ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ച് ബിസിസിഐ. അജിത് അഗാർക്കറുടെ ഒഴിവിലേക്കാണ് പ്രഗ്യാൻ ഓജയുടെ കടന്നുവരവ്. മുൻ ഇന്ത്യൻ താരം രമേഷ് പവാറിനെയും പുതിയ സെലക്ഷൻ കമ്മിറ്റിയിൽ അംഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച വ്യക്തിയെന്ന സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് പ്രഗ്യാൻ ഓജയെ ചെയർമാനായി തിരഞ്ഞെടുത്തത്.

പ്രഗ്യാൻ ഓജ (ചെയർമാൻ), ശിവ് സുന്ദർ ദാസ് (അംഗം), ആർ.പി. സിംഗ് (അംഗം), അജയ് റത്ര (അംഗം), രമേഷ് പവാർ (അംഗം) എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്. സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് പുതിയ അംഗത്തെ കണ്ടെത്താനായി മുൻ താരങ്ങളായ അശോക് മൽഹോത്ര, ജതിൻ പരാഞ്ജപെ എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അഭിമുഖ നടപടികൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷകരിൽ നിന്നും പവാറിനെ കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്യുകയായിരുന്നു. ബിസിസിഐ ഔദ്യോഗികമായി വാർത്ത പങ്കുവെച്ചു. അജിത് അഗാർക്കർ ചെയർമാനായിരുന്ന കാലയളവിൽ നൽകിയ മികച്ച സേവനത്തിനും അർപ്പണബോധത്തിനും ബോർഡ് നന്ദിയറിച്ചു.