സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നി മന്ത്രിമാരുടെ പേരുകളാണ് ഡയറിയിലുള്ളത്. ഒരുമിച്ചുള്ള കച്ചവടമാണ് നടക്കുന്നത്. ഒരു കള്ളനാണയത്തിൻ്റെ രണ്ട് വശങ്ങളാണ് ഇടതും വലതുമെന്നും അദ്ദേഹം പറഞ്ഞു. ഭയമില്ലെങ്കിൽ സർക്കാർ കേസ് സിബിഐക്ക് കൈമാറണമെന്നും ഷോൺ ജോർജ് വെല്ലുവിളിച്ചു.

പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. ഇ.ഡി കത്ത് നൽകിയത് ഡിജിപിക്കാണെങ്കിലും, അന്വേഷണത്തിന് നിർദേശം നൽകാൻ ആരോപണവിധേയനായ ആഭ്യന്തരമന്ത്രിക്ക് കഴിയില്ലെന്നും, എഫ്.ഐ.ആർ ഇടേണ്ടതില്ലെന്ന് തീരുമാനിച്ചത് അദ്ദേഹമാണെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഹരിത എം.എൽ.എ എന്ന് അവകാശപ്പെടുന്ന ആളാണെന്നും, മാലിന്യം തള്ളുന്നവരിൽ നിന്ന് പണം വാങ്ങിയ അദ്ദേഹത്തിന്റെ കാപട്യം മറ്റുള്ളവർ കണ്ടുപഠിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

പല സംഘടനകളും മാധ്യമങ്ങളും പണം വാങ്ങിയിട്ടുണ്ടെങ്കിലും, അധികാരത്തിലിരുന്ന് കമ്പനിക്ക് ഒത്താശ ചെയ്തവരാണ് പണം വാങ്ങിയിട്ടുള്ളത് എന്നതാണ് ഈ കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. മുഖ്യമന്ത്രിയും കേസിൽ പ്രതിയാണെന്നും, രൂപീകരിച്ച എസ്.ഐ.ടി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. നിലവിലുള്ള അന്വേഷണം തെളിവുകൾ തേച്ചുമായ്ച്ചുകളയാൻ മാത്രമുള്ളതാണെന്നും അതിനാൽ കേസ് സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ടാണ് ഷോൺ ജോർജ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള ഈ പേജിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. മാസപ്പടി കേസിൽ ഇ.ഡി കത്ത് നൽകിയിട്ടും സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും, ഡയറിയിൽ പിണറായി വിജയന്റെ പേര് ‘പി.വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.