തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കുറച്ചു ദിവസങ്ങളായി എറണാകുളത്തായിരുന്നു.
തിങ്കളാഴ്ച രാവിലെ കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 55 പവൻ സ്വർണം നഷ്ടപ്പെട്ടതായി വ്യക്തമായി.
സംഭവത്തെ തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡും നെടുപുഴ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുലർച്ചെ ഒന്നരയോടെ ഒരാൾ മതിൽ ചാടി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വീട്ടിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.




LEAVE A REPLY