സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയുമായി ഡൽഹിയിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് സംസ്ഥാനത്തിന്റെ ഊർജ മേഖലയെ മാറ്റിമറിക്കുന്ന സുപ്രധാന ധാരണകളായത് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സമഗ്രമായ പുരോഗതിയാണ് ചർച്ചയിൽ ഉണ്ടായത്.
ഊർജ സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കും. ഇതിനായി കെ.എസ്.ഇ.ബി, എൻ.ടി.പി.സി, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവർ ചേർന്ന് സംയുക്തമായി ധാരണാപത്രം ഒപ്പുവെക്കും. കൂടാതെ, തിരുവനന്തപുരം പോത്തൻകോട്ടും കണ്ണൂർ ശ്രീകണ്ഠാപുരത്തും 80 MWh വീതമുള്ള ബി.ഇ.എസ്.എസ് പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യാനും തീരുമാനമായിട്ടുണ്ട്. കായംകുളത്തെ നിലവിലുള്ള 27 MW സോളാർ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി.
സംസ്ഥാനത്ത് അടിയന്തരമായി വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനായി മഹാരാഷ്ട്രയിലെ എൻ.ടി.പി.സി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരത്തിലായിരിക്കും ഇത് ലഭിക്കുക. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യങ്ങൾ മുൻനിർത്തി കേരളത്തിനായി സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എൻ.ടി.പി.സിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് കരാറിൽ ഒപ്പുവെക്കുമെന്നും, കെ.എസ്.ഇ.ബിക്ക് ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണയും നൽകുമെന്ന് എൻ.ടി.പി.സി വ്യക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.




LEAVE A REPLY