ന്യൂ ഡൽഹി: വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ തിരിച്ചടി. ആരോപണങ്ങൾ നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, കേസുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. ഹർജിയിലെ ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6-ൽ മാറ്റം വരുത്താൻ കമ്മീഷന് അനുമതി നൽകിയിരുന്നെന്ന ഗ്യാനേഷിന്റെ വാദം തള്ളിയ കോടതി, അത്തരം അനുമതികളൊന്നും നൽകിയിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം പരിശോധിക്കുമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശനമായി ഇടപെടുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ മരവിപ്പിക്കണമെന്ന ആവശ്യവും കോടതി കേൾക്കും. സുതാര്യതയില്ലാത്ത തീരുമാനങ്ങൾ കാരണം രാജ്യം പ്രതിഷേധത്തിൽ കത്തുകയാണെന്നും, 2023-ലെ നിയമഭേദഗതിയിലൂടെ കമ്മീഷണർക്ക് ജഡ്ജിമാർക്ക് പോലുമില്ലാത്ത പരിരക്ഷയാണ് നൽകിയിട്ടുള്ളതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം തള്ളിയ കോടതി അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ തയ്യാറായില്ല. ഇത്തരം നടപടികൾ ഉണ്ടായാൽ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ആര് നടത്തുമെന്നാണ് കോടതി ചോദിച്ചത്. നിലവിലെ പ്രധാന രേഖകളൊന്നും നശിപ്പിക്കപ്പെടരുതെന്ന് കർശന നിർദ്ദേശം നൽകിയ സുപ്രീം കോടതി കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.