ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി പഴയത്ത് മനയിൽ പി എം സതീശൻ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ സതീശൻ നമ്പൂതിരി ഇത് രണ്ടാം തവണയാണ് ഗുരുവായൂർ മേൽശാന്തിയായി ചുമതലയേൽക്കുന്നത്.

ഇതിനുമുമ്പ് 2014 ഏപ്രിൽ ഒന്നു മുതൽ സെപ്‌തംബർ 30 വരെയും, കോവിഡ് കാലത്ത് 2020 ഏപ്രിൽ മുതൽ ഒക്ടോബർ 16 വരെയും അദ്ദേഹം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചപ്പൂജയ്ക്കു ശേഷം നമസ്‌കാര മണ്ഡപത്തിൽ വെള്ളി കുംഭത്തിൽ നിക്ഷേപിച്ച പേരുകളിൽ നിന്ന് നിലവിലെ മേൽശാന്തി ടി എം നാരായണൻ നമ്പൂതിരിയാണ് അടുത്ത മേൽശാന്തിയെ നറുക്കിലൂടെ തെരഞ്ഞെടുത്തത്. ആകെ ലഭിച്ച 43 അപേക്ഷകളിൽ നിന്നും യോഗ്യരായ 33 പേരുടെ പേരുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്.

തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പി.എം. നാരായണൻ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.