പുൽപള്ളി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾ‌ക്കൊടുവിലാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കേസിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. അതുവരെ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ വയ്ക്കാനാണ് കോടതി നിർദേശം. മീനങ്ങാടിയിലെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആന്റോ അഗസ്റ്റിനെ കോടതിയിൽ എത്തിച്ചത്. അർജന്റീന ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ ബുധനാഴ്ച വയനാട്ടിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 67 ലിറ്ററിൽ അധികം മദ്യശേഖരം എക്‌സൈസ് പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. തുടര്‍ന്നാണ് ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തത്.