തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഉദ്യോഗസ്ഥർ നേരിട്ട് സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 23) ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിർദേശം. ഇ ഡി സംഘമെത്തുമ്പോൾ പിണറായി കണ്ണൂരിലായിരുന്നു. തപാൽ മാർഗ്ഗം വരാനിരുന്ന സമൻസ് നേരിട്ടെത്തി ചുവരിൽ പതിപ്പിച്ച നടപടിക്ക് പിന്നാലെ മുതിർന്ന സി പി എം നേതാക്കളായ വി. ശിവൻകുട്ടി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സി എം ആർ എൽ – എക്സാലോജിക്ക് പണമിടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പിണറായിയെ കേന്ദ്രീകരിച്ചാണ് ഇ ഡി നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

അതേസമയം, വെള്ളിയാഴ്ച ഇഡിക്ക് മുന്നിൽ പിണറായി വിജയൻ ഹാജരായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ നിയമസഭാ സമ്മേളനവും സുപ്രീം കോടതിയിലെ കേസുകളും ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് ഇ ഡിക്ക് മറുപടി നൽകാനാണ് സാധ്യത. ഹൈക്കോടതി വിധികളും എഫ് ഐ ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ സുപ്രീം കോടതി സ്റ്റേ അനുവദിച്ചാൽ ചോദ്യം ചെയ്യലിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അവധി ദിവസങ്ങൾക്ക് ശേഷം ഈ മാസം 26-ന് കോടതി കേസ് പരിഗണിക്കാനിരിക്കെ, അതിനുമുമ്പ് പ്രത്യേക ബെഞ്ച് രൂപീകരിക്കുമോ എന്നതും നിർണായകമാണ്.

കേസിൽ പിണറായി വിജയന് പുറമേ മറ്റ് പ്രതികളെയും വീണ്ടും ചോദ്യം ചെയ്തേക്കും. ഒന്നാം ഇസിഐആർലെ അന്വേഷണത്തിൽ തുടരുന്ന ഇ ഡി, ഭാവിയിൽ കുറ്റപ്പത്രം ഒന്നിച്ചു സമർപ്പിക്കുന്ന കാര്യത്തിലാണ് തീരുമാനമെടുക്കുക. എന്നാൽ, ഹവാല ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ആരോപണവിധേയനായ മുഹമ്മദ് റിയാസിന് ഉടൻ സമൻസ് അയച്ചേക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.