ന്യൂ ഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ ഔദ്യോഗിക എക്‌സ് പേജിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്. സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം കെപിസിസി അധ്യക്ഷനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ കർശന മുന്നറിയിപ്പുണ്ട്. മുൻപ് ഈ സംഭവവുമായി ബന്ധപ്പെട്ട് കെപിസിസിക്ക് സുപ്രീം കോടതി നേരിട്ടും നോട്ടീസ് അയച്ചിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദമായ സോഷ്യൽ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ സഖ്യ നേതാക്കളെ കാണാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പോസ്റ്റ്. ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’ എന്ന തരത്തിലുള്ള പോസ്റ്റ് വൻ വിവാദമായതോടെ തൊട്ടുപിന്നാലെ തന്നെ പേജിൽ നിന്നും നീക്കം ചെയ്തിരുന്നു.

വിഷയം വിവാദമായതിനെ തുടർന്ന് പോസ്റ്റിട്ട വ്യക്തിയെ ചുമതലകളിൽ നിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും, ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, സംഭവം ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും കെപിസിസിക്ക് നോട്ടീസ് അയക്കുകയുമായിരുന്നു.