ന്യൂ ഡല്‍ഹി: ജെന്‍സിക്കിടയില്‍ എസ്എഫ്ഐക്ക് പിന്തുണയേറുന്നതായി ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. വിവിധ കാമ്പസുകളിലെ വിദ്യാർത്ഥികളുടെ പ്രതികരണം എടുത്ത് ടൈംസ് ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ട് ഇതിനകം തന്നെ ദേശീയ തലത്തിലും വ്യാപകമായാണ് ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് കോക്രോച്ച് ജനതാ പാർട്ടിയുടെ ഡൽഹി സമരത്തിൻ്റെ പിന്നിലെ ചാലകശക്തി എസ്എഫ്ഐ നേതാക്കൾ ആയിരുന്നു എന്ന ബിജെപി നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന് വലിയ പ്രസക്തിയാണുള്ളത്.
ജെന്‍സി പ്രക്ഷോഭത്തിന് പിന്നാലെ പല സംസ്ഥാനങ്ങളിലും എസ്എഫ്ഐ മെമ്പര്‍ഷിപ്പില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ബംഗാളില്‍ ഈ വര്‍ഷം തുടക്കത്തില്‍ ഏഴ് ലക്ഷമായിരുന്ന മെമ്പര്‍ഷിപ്പ് എട്ട് ലക്ഷമായാണ് വര്‍ധിച്ചത്. 14% അംഗത്വ വര്‍ധനവ് ബംഗാളില്‍ എസ്എഫ്ഐക്ക് ഉണ്ടായി.
പരീക്ഷാ ക്രമക്കേടുകൾ, നിയമന തർക്കങ്ങൾ, ഫീസ്, പൊതുവിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിലെ ഇടപെടലും ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും ആശയദൃഢതയുമാണ് സിപിഎമ്മിന്റെ വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐയിലേക്ക് ആകർഷിക്കുന്നതെന്ന് വിദ്യാർത്ഥികളുടെ പ്രതികരണം അടിസ്ഥാനമാക്കി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീറ്റ് ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്ക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം മറ്റ് സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്കും സംഘാടകർക്കും ഒരു സൂചനയായി ഇതിനകം തന്നെ മാറി കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള വിദ്യാർത്ഥി പ്രശ്നങ്ങളും രാഷ്ട്രീയമാറ്റങ്ങളും എസ്എഫ്ഐയുടെ അംഗത്വ വര്‍ധനയെ സഹായിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ എസ്എഫ്ഐയുടെ വളര്‍ച്ചയ്ക്ക് ജെഎന്‍യു പ്രധാന ഘടകമായി നിലനില്ക്കുന്നു. ഇടതുപക്ഷ ഐക്യം വലിയ തോതില്‍ ഡല്‍ഹിയില്‍ നിലനില്‍ക്കുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ജെഎന്‍യു യൂണിയനില്‍ മലയാളിയായ കെ ഗോപിക ബാബുവിന്റെ വിജയവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡൽഹി അംബേദ്കർ സർവകലാശാലയിലും, തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ ഗണ്യമായ വിദ്യാർത്ഥി-കൗൺസിൽ പ്രാതിനിധ്യം എസ് എഫ് ഐ നേടിയിട്ടുണ്ട്.
അസമിലും ഒഡീഷയിലും എസ്എഫ്ഐ അംഗത്വത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേവലം മെമ്പര്‍ഷിപ്പ് വര്‍ധനവില്‍ നിന്ന് എല്ലാ അംഗങ്ങളേയും സംഘടനാ പ്രവര്‍ത്തകരാക്കി മാറ്റുന്നതില്‍ ഉണ്ടാകുന്ന പോരായ്മയും ടിഒഐ ചൂണ്ടിക്കാട്ടുന്നു. അസമിൽ എസ് എഫ് ഐയുടെ അംഗസംഖ്യ 2024-25-ലെ 18,000-ൽ നിന്ന് 2025-26-ൽ 19,000-മായി വർധിച്ചിട്ടുണ്ട്. നാലാം വർഷ ബിരുദ കോഴ്സുകളിലെ നിയന്ത്രണങ്ങൾക്കെതിരെ സെപ്റ്റംബർ 10-ന് ഗുവാഹത്തി സർവലാശാലയിൽ നടത്തിയ പ്രതിഷേധം എസ് എഫ് ഐയെ അക്കാദമിക് രംഗത്തെ പ്രധാന ചർച്ചാവിഷയമാക്കി മാറ്റിയിട്ടുണ്ട്. ഡൽഹി സർവകലാശാലയിൽ എബിവിപി-എൻഎസ്യുഐ ശക്തി കേന്ദ്രമാണെങ്കിലും എസ്എഫ്ഐ ഇപ്പോൾ വേരുറപ്പിച്ച് വരുന്നുണ്ട്.
ഒഡീഷയിലെ കണക്കുകൾ പ്രകാരം, 2024-ൽ ഏകദേശം 1,650 അംഗങ്ങളുണ്ടായിരുന്നിടത്ത് നിന്ന് 2025-ൽ അത് 2,300-ആയി അംഗസംഖ്യ വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന വിദ്യാർത്ഥി സംഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ എസ് എഫ് ഐ ഇപ്പോഴും ചെറിയൊരു സംഘടനയായി തുടരുന്നുണ്ടെങ്കിലും ഉള്ളവർ പോരാളികളും സമരം ചെയ്യാൻ ശേഷിയുള്ളവരുമാണ്. പല സംസ്ഥാനങ്ങളിലും ക്യാമ്പസ് തിരഞ്ഞെടുപ്പുകൾ ദീർഘകാലമായി നടക്കാത്തതിനാൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ അംഗത്വ അവകാശവാദങ്ങളെ വോട്ടുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനുള്ള സാധ്യത മാധ്യമങ്ങൾക്കും നിലവിൽ പരിമിതമാണ്.
ബീഹാറില്‍ വലിയ അംഗത്വ വര്‍ധനവാണ് എസ്എഫ്ഐക്ക് ഉണ്ടായിരിക്കുന്നത്. 2023 – 24 വര്‍ഷത്തില്‍ 1,205 മാത്രമായിരുന്ന അംഗത്വം 2025 – 26 സംഘടനാ വര്‍ഷത്തില്‍ 12,113 ആയാണ് ഉയര്‍ന്നിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സമരത്തെ തുടര്‍ന്ന് ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് കാന്തി കുമാരി അടക്കമുള്ള പ്രവര്‍ത്തകര്‍ 40 ദിവസത്തോളമാണ് ജയില്‍വാസം അനുഭവിച്ചത്. ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസക്കും ബീഹാറില്‍ മെമ്പര്‍ഷിപ്പ് വര്‍ധന ഉണ്ടായിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ എസ്എഫ്ഐ അംഗത്വം 700ല്‍ നിന്ന് 1200 ആയാണ് വര്‍ധിച്ചത്. ഇതില്‍ 200 മുതല്‍ 300 വരെ മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെപിഎസ്ഇ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സമരം ഇവിടെ എസ്എഫ്ഐ – ഡിവൈഎഫ്ഐ സംഘടനകളെ സഹായിച്ചെന്നാണ് വിലയിരുത്തല്‍.
കേരളത്തിൽ എസ് എഫ്ഐയ്ക്കുള്ള സ്ഥിരമായ ആധിപത്യത്തിന്റെ കഥയാണ് ടൈംസ് ഓഫ് ഇന്ത്യയും പങ്ക് വയ്ക്കുന്നത്. 2024-25 ൽ 15.5 ലക്ഷമായിരുന്ന എസ്എഫ്ഐ അംഗത്വം 2025-26 ൽ 16 ലക്ഷമായി ഉയർന്നു. ഏകദേശം 3% വർദ്ധനവാണിത്. എതിരാളിയായ കെഎസ്യുവിൻ്റെ അംഗ സംഖ്യ 3.2 ലക്ഷം മാത്രമാണ്. സംസ്ഥാനത്തെ 14 സർവകലാശാലകളിൽ 12 എണ്ണത്തിലും എസ്എഫ്ഐയോ അവരുടെ സഖ്യമോ വിദ്യാർത്ഥി യൂണിയനുകൾക്ക് നേതൃത്വം നൽകുന്നുവെന്നും 110 വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ 100 എണ്ണത്തിലും എസ്എഫ്ഐയാണ് വിജയിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ ചുണ്ടിക്കാട്ടുന്നുണ്ട്.
തെലങ്കാനയിലെ മെമ്പര്‍ഷിപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ കാലവയിളവില് 22 പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് അവിടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. പോളിടെക്നിക് വിദ്യാർത്ഥികളുടെ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കൊപ്പം, സ്കോളർഷിപ്പുകൾക്കും ഫീസ് റീ ഇംബേഴ്സ്മെന്റിനുമെതിരായ പ്രതിഷേധങ്ങളും എസ് എഫ് ഐ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കോഴ്സുകളിലെ വിദ്യാർത്ഥികൾ, രാഷ്ട്രീയ കക്ഷി ഭേദമന്യേയാണ് ഈ പ്രതിഷേധങ്ങളിൽ പങ്കുചേർന്നിരിക്കുന്നത്. 7.8 ലക്ഷം അംഗങളാണ് തെലങ്കാനയിൽ എസ് എഫ് ഐക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
2025-26 ൽ ബംഗാളിൽ എസ്എഫ്ഐയ്ക്ക് എട്ട് ലക്ഷം അംഗങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒരു വർഷം മുമ്പത്തെ ഏഴ് ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ – ഏകദേശം 14% വർദ്ധനവ് ഇവിടെ മാത്രം ഉണ്ടായിട്ടുണ്ട്. മമത ഭരണകൂടം അധികാരത്തിൽ ഉള്ള സമയത്ത് കാമ്പസ് തിരഞ്ഞെടുപ്പും പ്രവർത്തനങ്ങളും നിരോധിച്ചിട്ടും അതിനെയൊക്കെ വെല്ലുവിളിച്ചാണ് എസ് എഫ് ഐ ബംഗാളിൽ പ്രവർത്തനം നടത്തിയിരുന്നത്. തൃണമൂൽ ഭരണംമാറി ബിജെപി ഭരണം വന്നിട്ടും കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്താനുള്ള ധൈര്യം അവർക്കും ഇല്ലന്നതാണ് യാഥാർത്ഥ്യം. അതിന് പ്രധാന കാരണം, എസ് എഫ് ഐയുടെ വിജയം കാണേണ്ടി വരും എന്നതു കൊണ്ടു മാത്രമാണ്. എസ് എഫ് ഐ ശക്തിപ്പെട്ടാൽ ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുമെന്ന് തന്നെയാണ് മമതയെ പോലെ തന്നെ ബി.ജെ.പി സർക്കാറും കരുതുന്നത്. സി.പി.എമ്മും അവരുടെ പോഷക സംഘടനകളും ബംഗാളിൽ ശക്തിപ്പെടുകയാണ് എന്ന മുന്നറിയിപ്പ് ഇതിനകം തന്നെ ബിജെപി എം എൽ എമാരും നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
മൊത്തത്തിൽ, വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തി കൊണ്ടു വന്ന് എസ്എഫ്ഐ പുതിയ അംഗങ്ങളെയും പിന്തുണക്കാരെയും കണ്ടെത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യyude റിപ്പോർട്ടിൽ നിന്നും മനസിലാക്കാം.




LEAVE A REPLY