ശബരിമലയിലെ 110 കടകളുടെ ഇ-ടെൻഡർ നടപടികൾ അട്ടിമറിച്ചതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ലേലത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളും രേഖകളുടെ രഹസ്യ സ്വഭാവവും ചോർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചതായി വിജിലൻസ് കണ്ടെത്തി. ഇതേതുടർന്ന് സെപ്തംബർ 29-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലവും ടെൻഡറും തിരുവിതാംകൂർ ദേവസ്വം ബോർഡ് റദ്ദാക്കി.

ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേരുവിവരങ്ങൾ പുറത്തായത് ലേല നടപടികളുടെ സുതാര്യതയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും ലേലം നടത്തിയാൽ അത് ഫലപ്രദമാകില്ല എന്ന് കണ്ടാണ് നടപടി റദ്ദാക്കിയത്. നിലവിലെ ടെൻഡർ റദ്ദാക്കിയ സാഹചര്യത്തിൽ ഈ 110 കടകൾക്കായി ഈ ആഴ്ച തന്നെ റീ-ടെൻഡർ (പുതിയ ലേലം) നടത്തും.

സംഭവത്തിൽ പങ്കുള്ള ഉദ്യോഗസ്ഥരുടെ മൊഴി ദേവസ്വം വിജിലൻസ് ഉടൻ രേഖപ്പെടുത്തും. ടെൻഡർ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.