കോഴിക്കോട്: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് കോടതിയിൽ കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും, കേസെടുക്കുന്നതിനെ സർക്കാർ എതിർക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കാനാകൂ എന്നും, കേസിൽ പല കാര്യങ്ങളിലും അവ്യക്തതയുണ്ടായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോർട്ട് പ്രകാരമാണ് സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇഡി എഫ്ഐആർ ഇടണമെന്ന് കോടതിയിൽ പറയുന്നുണ്ടെങ്കിലും, അവർ പറയുന്നതുപോലെ സർക്കാരിന് പ്രവർത്തിക്കാനാകില്ലെന്നും നിയമപരമായ ഉപദേശങ്ങൾ അനുസരിച്ചേ മുന്നോട്ടുപോകാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിലെ നടപടികൾ പുരോഗമിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകായുക്തയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്കിൽ ഉന്നയിച്ച അവകാശവാദങ്ങൾ ആഭ്യന്തരമന്ത്രി തള്ളി. താൻ ലോകായുക്തയുടെ യോഗം വിളിച്ചുചേർത്തിട്ടില്ലെന്നും, അവരുടെ ഭരണപരമായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത തന്നെയാണ് തന്നെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തും, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും ഇത്തരം യോഗങ്ങൾ ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രിമാർ പലതവണ ചീഫ് ജസ്റ്റിസുമാരുമായി സംസാരിച്ചിട്ടുണ്ടെന്നും, ഇതൊക്കെ കേസുകൾ അട്ടിമറിക്കാനാണോ എന്ന് സംശയിക്കേണ്ടതുണ്ടോ എന്നും രമേശ് ചെന്നിത്തല ആരാഞ്ഞു.




LEAVE A REPLY