ന്യൂ ഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ത്രിദിന പണിമുടക്ക് ആരംഭിക്കാനിരിക്കേ, ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. പണിമുടക്ക് ദിവസങ്ങളില്‍ എടിഎം സേവനനിരക്കുകൾ എസ്ബിഐ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏതൊരു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും സൗജന്യമായി ഇടപാടുകൾ നടത്താമെന്ന് ബാങ്ക് അറിയിച്ചു.
പണിമുടക്ക് നടക്കുന്ന മൂന്ന് ദിവസങ്ങളിലും എടിഎമ്മുകൾക്കൊപ്പം എല്ലാ ബാങ്ക് ശാഖകളും തുറന്നുപ്രവര്‍ത്തിക്കുമെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, പണിമുടക്കിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പ്രധാനപ്പെട്ട ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും സെല്‍ഫ് സര്‍വീസ് ബാങ്കിങ് ചാനലുകളിലൂടെയും മുൻകൂട്ടി പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഴ്ചയിലെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീമില്‍ മാറ്റംവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സെപ്റ്റംബർ 28, 29, 30 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്ക് നടക്കുന്നത്.




LEAVE A REPLY