രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘മഹാവീർ കർണ്ണ’യിൽ ഇതിഹാസ യോദ്ധാവായ കർണ്ണനായി രാഘവ ലോറൻസ് വേഷമിടുന്നു. പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാഡ അവതരിപ്പിക്കുന്ന ചിത്രം, ആർ.വി. സ്റ്റുഡിയോസിന്റെയും ശ്രീ നീലാദ്രി പ്രൊഡക്ഷൻസിന്റെയും സഹകരണത്തോടെയാണ് നിർമ്മിക്കുന്നത്. മഹാഭാരതത്തിലെ കർണ്ണന്റെ മഹത്വവും മാനുഷിക വശങ്ങളും വൈകാരികതയും ഒരുപോലെ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ഏകദേശം 150 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വമ്പൻ സെറ്റുകൾ, പഴയകാലഘട്ടത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ, അത്യാധുനിക വിഷ്വൽ എഫക്റ്റ്സ്, വിശാലമായ യുദ്ധരംഗങ്ങൾ എന്നിവ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. ജനനം മുതൽ വിധിയുടെ പരീക്ഷണങ്ങളെ നേരിട്ട കർണ്ണന്റെ ജീവിതം വൈകാരികതയും ആക്ഷനും നിറഞ്ഞ ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്- സംഗീതം: ഗ്യാനി, ഡയലോഗുകൾ: ശ്രീമാനി, ഛായാഗ്രഹണം: റാംജി ഡോട്ട്, എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈൻ: ഗാന്ധി നാടികുടികർ, പി.ആർ.ഒ.: ശബരി. ചിത്രത്തിന്റെ മറ്റ് താരനിരയുടെ വിവരങ്ങൾ ഘട്ടംഘട്ടമായി പുറത്തുവിടും. 2027-ൽ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.