ന്യൂ ഡൽഹി: സിനിമകളിൽ ലഹരിമരുന്ന് ഉപയോഗമോ കടത്തോ കാണിക്കുന്ന രംഗങ്ങളിൽ ലഹരിവിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച കർശനമായ പുതിയ സെൻസർ മാർഗനിർദേശങ്ങൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കി. സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക തീരുമാനം വന്നിരിക്കുന്നത്.
സിനിമകളിൽ ലഹരി ഉപയോഗമോ കടത്തോ ചിത്രീകരിക്കുന്ന ഭാഗങ്ങളിൽ, ‘അനധികൃത ലഹരിമരുന്നുകൾ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു’ എന്ന മുന്നറിയിപ്പ് വ്യക്തമായി പ്രദർശിപ്പിക്കണമെന്നാണ് പുതിയ ഉത്തരവിൽ നിർദേശിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 16-നാണ് സിനിമാറ്റോഗ്രാഫ് ആക്റ്റിന് കീഴിൽ പരിഷ്കരിച്ച ഈ പുതിയ മാർഗനിർദേശം മന്ത്രാലയം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തത്. സിനിമകളിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ആയ രംഗങ്ങൾ ഒഴിവാക്കണമെന്ന് മാത്രമായിരുന്നു നേരത്തെയുണ്ടായിരുന്ന സർട്ടിഫിക്കേഷൻ നിയമങ്ങളിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇത്തരം പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കുന്നത് ഇതുവരെ നിർബന്ധമാക്കിയിരുന്നില്ല. ഈ രീതിയിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്.




LEAVE A REPLY