തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുന്നതിൽ അതൃപ്തി വ്യക്തമാക്കി പി.എസ്.സി അംഗങ്ങൾ. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോകാതിരിക്കാനാണ് അംഗങ്ങളുടെ തീരുമാനം. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും. ഇതിനുപുറമെ നോട്ടീസിൽ നിയമോപദേശം തേടാനും ധാരണയായിട്ടുണ്ട്.
എന്നാൽ, ക്രിമിനൽ നടപടിച്ചട്ട പ്രകാരം ചോദ്യം ചെയ്യേണ്ട സ്ഥലം തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് പൂർണ്ണ അധികാരമുണ്ടെന്നും പി.എസ്.സി അംഗങ്ങൾക്ക് ഈ വിഷയത്തിൽ പ്രത്യേക പരിരക്ഷയില്ലെന്നുമാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബർ 15 മുതൽ പി.എസ്.സി അംഗങ്ങളുടെയും തുടർന്ന് ചെയർമാൻ എം.ആർ. ബൈജുവിന്റെയും മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കം.
പരീക്ഷാ നടത്തിപ്പിൽ രണ്ട് മുതിർന്ന പി.എസ്.സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാരിന് കത്തയച്ചു. പരീക്ഷാ ക്രമക്കേടിന് പിന്നിൽ സാങ്കേതിക പിഴവാണോ അതോ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.




LEAVE A REPLY