ഡൽഹി: ഡൽഹി പൊലീസിന്റെ ബോണ്ട് നോട്ടീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഐസ അധ്യക്ഷ നേഹ ബോറ. 10,000 രൂപയുടെ ബോണ്ടും ആൾജാമ്യവും നൽകണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നൽകിയ നോട്ടീസിനെതിരെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്.

പൊലീസ് നടപടി ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന 19, 21 അനുച്ഛേദങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേഹ ബോറ കോടതിയെ സമീപിക്കുന്നത്. നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്നും അതുവരെയുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കും.

ഈ മാസം 16-ന് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതുമുതൽ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം പിന്തുടരുന്നതായി ഐസ നേതൃത്വം ആരോപിച്ചു. സമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥി നേതാക്കളെ ഇത്തരത്തിൽ സമാധാന ബോണ്ടുകൾ ഒപ്പിടുവിച്ച് പ്രക്ഷോഭങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഡൽഹി പൊലീസ് ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടയാണ് ഈ നിയമനടപടി.