ന്യൂ ഡൽഹി: ജന്തർമന്തറിലെ പ്രതിഷേധ വിലക്ക് ലംഘിച്ചുള്ള മിന്നൽ സമരത്തിൽ സിജെപി നേതാക്കൾ ജയിലിലേക്ക്. സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ കസ്റ്റഡിയിലെടുത്ത സൗരവ് ദാസ് അടക്കം നേതാക്കളെ പുലർച്ചെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
നേതാക്കളുടെ അറസ്റ്റിൽ ഇന്ത്യൻ പതാക ഉയർത്തുന്നത് എങ്ങനെ കുറ്റമാകുമെന്ന് സിജെപി ചോദിച്ചു. ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി ധൈര്യം കാണിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചു. വിയോജിപ്പുകളെ അടിച്ചമർത്തുക നിർബന്ധം ആണെങ്കിൽ ഭീരുത്വ തന്ത്രങ്ങൾക്ക് പകരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കണം. ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തിയതാണോ അശുതോഷും സൗരവും ചെയ്ത തെറ്റെന്നും അഭിജീത്ത് എക്സിൽ കുറിച്ചു.
കേന്ദ്രസർക്കാർ സമരവിലക്കേർപ്പെടുത്തിയ ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി സമരം ചെയ്തതിലാണ് സിജെപി നേതാക്കൾ അറസ്റ്റിലായത്. അതിക്രമിച്ചു കയറൽ, ബോണ്ട് ലംഘനം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജന്തർമന്തറിനെ സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക വേദികളിൽ നിന്ന് ഡൽഹി പൊലീസ് ഒഴിവാക്കിയത്. പ്രതിഷേധങ്ങൾക്കായി മൂന്ന് പുതിയ വേദികളും പ്രഖ്യാപിച്ചിരുന്നു.




LEAVE A REPLY