ഇൻഡിഗോ വിമാനങ്ങളിൽ രണ്ട് വയസ്സിന് താഴെയുള്ള ശിശുക്കളുടെ യാത്രാ നിരക്ക് വർധിപ്പിച്ചു. വിമാനത്താവള കൗണ്ടറുകൾ വഴി നേരിട്ട് ടിക്കറ്റ് എടുക്കുമ്പോൾ ഈടാക്കിയിരുന്ന നിരക്ക് 2,500 രൂപയിൽ നിന്ന് 3,000 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000 രൂപയിൽ നിന്ന് 2,250 രൂപയായും മാറ്റിയിട്ടുണ്ട്. ഈ കുട്ടികൾക്ക് പ്രത്യേക സീറ്റ് ലഭ്യമല്ലെങ്കിലും ഇവർക്കായുള്ള ടിക്കറ്റ് ബുക്കിംഗ് നിർബന്ധമാണ്. പുതിയ വർദ്ധനവ് ഏകദേശം പത്ത് ലക്ഷത്തോളം കുഞ്ഞുങ്ങളുടെ യാത്രയെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുട്ടികളുടെ യാത്രാ നിരക്കിന് പുറമെ മറ്റ് സേവന ഫീസുകളും ഇൻഡിഗോ വർധിപ്പിച്ചിട്ടുണ്ട്. മുതിർന്നവരുടെ അകമ്പടിയില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള ഫീസ് 5,000 രൂപയിൽ നിന്ന് 5,999 രൂപയായും, അന്താരാഷ്ട്ര യാത്രകളുടേത് 12,999 രൂപയായും ഉയർത്തിയിട്ടുണ്ട്. കൂടാതെ അധിക ബാഗേജ് നിരക്ക് കിലോഗ്രാമിന് 800 രൂപയായും, പ്രയോറിറ്റി ബോർഡിംഗ് ഫീസ് 650 രൂപയായും വർദ്ധിച്ചു. വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവാണ് നിരക്കുകൾ കൂട്ടാൻ കാരണമായി കമ്പനി വ്യക്തമാക്കുന്നത്.