ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി രഞ്ജിനി ഹരിദാസ്.
അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കായുള്ള സമാധാനപരമായ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും, ഒരാളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നാകെ നില്‍ക്കുന്നത് വലിയ പോക്രിത്തരമാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ കുറ്റപ്പെടുത്തി. രാജ്യത്തെ ഇന്നത്തെ അവസ്ഥയില്‍ കടുത്ത നിരാശയും ദേഷ്യവുമുണ്ടെന്നും, നമ്മുടെ നിശബ്ദതയാണ് അധികാരികള്‍ മുതലെടുക്കുന്നതെന്നും ചൂണ്ടിക്കാണിച്ച അവര്‍, ഏവരും ഒന്നിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു.
സമരം ചെയ്യുന്നവരെ തീവ്രവാദികളെപ്പോലെയാണ് ഭരണകൂടം കാണുന്നതെന്നും രഞ്ജിനി വിമര്‍ശിച്ചു. പ്രതിഷേധം നേരിടാന്‍ റോഡിലിറക്കിയിരിക്കുന്ന സകല സൈന്യത്തെയും രാജ്യത്തെ സ്ത്രീ സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നത് കണ്ട് കണ്ണുതുറക്കണമെന്നും, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഏറെ ഭയപ്പെടുത്തുന്നതാണെന്നും രഞ്ജിനി വ്യക്തമാക്കി.
യുവജന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകരായ റോഷ്നി രാജന്, ഫര്‍സ ടി എം എന്നിവരെ ഡല്‍ഹി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതിനെയും അവര്‍ ശക്തമായി അപലപിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെപ്പോലും തുടച്ചുനീക്കാനും നിശബ്ദമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് രഞ്ജിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കൂട്ടിച്ചേര്‍ത്തു.




LEAVE A REPLY