ന്യൂ ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ പ്രതിഷേധത്തിനിറങ്ങിയവരിൽ പോലീസ് കസ്റ്റഡിയിലെടുത്തവരിൽ നാല് മുൻ മുഖ്യമന്ത്രിമാരും. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാർ എന്നിവരെയാണ് പോലീസ് വിവിധയിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
പ്രമുഖ നേതാക്കളെ മണിക്കൂറുകളോളം പോലീസ് വാഹനങ്ങളിൽ നഗരം ചുറ്റിച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്. തലസ്ഥാനത്ത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ തുടർച്ചയായ അറസ്റ്റും പോലീസ് നടപടികളും രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കേരള ഹൗസിൽ നിന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് പിണറായി വിജയൻ ജന്തർമന്തറിലെ സമരവേദിയിലേക്ക് നീങ്ങിയത്. പ്രതിഷേധ മാർച്ചിനിടെ എം എ ബേബി, പി കെ. ശ്രീമതി തുടങ്ങിയവരെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെ എൻ ബാലഗോപാൽ എന്നിവരെ ജന്തർമന്തറിന് സമീപം തടഞ്ഞ പോലീസ്, വാഹനത്തിൽ കയറ്റി ഛത്രസാല്‍ സ്റ്റേഡിയത്തിലെ കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
ആരോഗ്യസ്ഥിതി ചൂണ്ടിക്കാണിച്ചിട്ടും മണിക്കൂറുകളോളം പോലീസ് വാഹനത്തിൽ നഗരം ചുറ്റിച്ചതായും മരുന്നും ഭക്ഷണവും നിഷേധിച്ചതായും ഒപ്പമുള്ള നേതാക്കൾ ആരോപിച്ചു. പിന്നീട് ഇവരെ മന്ദിർമാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
തൃണമൂൽ കോൺഗ്രസ് സൗത്ത് അവന്യൂ ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ പ്രതിഷേധിക്കുന്നതിനിടയിലാണ് മമതയെയും ഡെറിക് ഒബ്രിയാൻ അടക്കമുള്ള നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയും വാഹനത്തിൽ ദീർഘനേരം വട്ടം കറക്കി.
വീട്ടുതടങ്കലിൽ നിന്ന് പുറത്തിറങ്ങി ആം ആദ്മി പാർട്ടി നേതാക്കൾക്കൊപ്പം ജന്തർമന്തറിലേക്ക് നീങ്ങുന്നതിനിടയിലാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വീടിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. സുർജിത് ഭവനിൽ നിന്നാണ് ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രമുഖ നേതാക്കളായ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ വിദ്യർഥി- യുവജന നേതാക്കൾ, എം പിമാർ തുടങ്ങിയവരെയാകെയാണ് ഡൽഹി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അര ലക്ഷത്തിലധികം പൊലീസുകാരെയും അർധ സൈനികരെയും വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു കഴിഞ്ഞ ദിവസം തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാനായി രാജ്യത്തെ തന്നെ കലാപത്തിലേക്ക് തള്ളിവിടുന്ന കാഴ്ചയാണ് ഡൽഹിയിൽ കാണുന്നത്.




LEAVE A REPLY