സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്‍ത് ‘മണ്ടാടി’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ഒക്ടോബർ 8 മുതൽ ഒടിടിയിൽ പ്രേക്ഷകർക്ക് കാണാനാകും. തിയറ്ററുകളിൽ റിലീസ് ചെയ്ത ദിവസം മുതൽ വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മണ്ടാടി ആഗോളതലത്തിൽ ഇതുവരെ 150 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതിൽ തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയതാരം മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തിയത്. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നൂറ് കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. സെയിലിംഗ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സൂരിയെ വളരെ മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയിരിക്കുന്നത്.

സൂരിക്കൊപ്പം പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും നിർണ്ണായക വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിച്ച ചിത്രം തമിഴിലും തെലുങ്കിലുമായാണ് തിയറ്ററുകളിൽ എത്തിയത്. മണ്ടാടിയുടെ കേരളത്തിലെ വിതരണം നിർവഹിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. ആർ.എസ്. ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.