ന്യൂ ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പണനയ അവലോകന യോഗത്തിന് തുടക്കമായി. പണപ്പെരുപ്പത്തിലെ വർദ്ധനവ്, രൂപയുടെ മൂല്യമിടിവ്, ക്രൂഡ് ഓയിൽ വിലക്കയറ്റം എന്നിവ മുൻനിർത്തി റിപ്പോ നിരക്കിൽ കാൽ ശതമാനം (25 ബേസിസ് പോയിന്റ്) വർദ്ധന വരുത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേരുന്ന ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങൾ ഒക്ടോബർ 7-ന് പ്രഖ്യാപിക്കും.
ഓഗസ്റ്റിലെ യോഗത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിലനിർത്താനാണ് ആർ.ബി.ഐ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരക്ക് 5.50 ശതമാനമായി ഉയർത്താനും ഡിസംബറിൽ വീണ്ടും വർദ്ധിപ്പിക്കാനും സാധ്യതയേറെയാണ്. നിരക്ക് ഉയർന്നാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വർദ്ധിച്ച് സാധാരണക്കാർക്ക് തിരിച്ചടിയാകും അതേസമയം ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയരുന്നത് നിക്ഷേപകർക്ക് നേട്ടമാകും.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചതും ഗതാഗത-സാധന വിലക്കയറ്റ ഭീഷണി ഉയർത്തുന്നുണ്ട്. രൂപ നേരിടുന്ന മൂല്യത്തകർച്ചയും ആഗോള സാമ്പത്തിക വെല്ലുവിളികളും ആർ.ബി.ഐക്ക് മേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. 2025-ൽ ആകെ 125 ബേസിസ് പോയിന്റ് കുറവ് വരുത്തിയ ശേഷമുള്ള ആർ.ബി.ഐയുടെ ഈ നിർണ്ണായക നീക്കം ഓഹരി വിപണിക്കും സാമ്പത്തിക രംഗത്തിനും ഒരുപോലെ പ്രധാനമാണ്.




LEAVE A REPLY