തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്. 84,070 പുരുഷന്മാരും 98,090 സ്ത്രീകളും ഉൾപ്പെടെ 1,82,160 പേരാണ് വോട്ട് ചെയ്തത്.

ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരാണ് (84.55 ശതമാനം), കുറഞ്ഞ പോളിങ് കോട്ടയത്താണ് (54.24%). പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ളയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ വാര്‍ഡ്. 91.48 ശതമാനമാണ് പോളിങ്. കുറവ് പോളിങ് രേഖപ്പെടുത്തിയ വാര്‍ഡ് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് (46.91 ശതമാനം) ആണ്.

വോട്ടെണ്ണൽ നാളെ (സെപ്റ്റംബർ 29) രാവിലെ പത്തിന് ആരംഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂര്‍, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 126 സ്ഥാനാർഥികളാണ് ജനപിന്തുണ തേടിയത്.