തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെ തലപ്പത്ത് എത്തുന്നത്. ഇതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ സർക്കാർ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.
പ്രശസ്ത ഗായകൻ ജി വേണുഗോപാൽ കേരള സംഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാനാകും. ഹേമന്ത്കുമാർ വൈസ് ചെയർമാനും പ്രദീപ്കുമാർ എൻ.വി സെക്രട്ടറിയായും അക്കാദമിയെ നയിക്കും.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാനായി നടൻ പ്രേം കുമാറിനെ തിരഞ്ഞെടുത്തു. ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയാണ് അദ്ദേഹം. സംവിധായകൻ ആലപ്പി അഷ്റഫ് കെ.എസ്.എഫ്.ഡി.സി വൈസ് ചെയർമാനായി ചുമതലയേൽക്കും.
അതുപോലെ, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംഘാടകനുമായ എം. രഞ്ജിത്തിനെ നിയമിച്ചിട്ടുണ്ട്. കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ക്ഷേമം മുൻനിർത്തിയുള്ള സുപ്രധാന പ്രവർത്തനങ്ങൾക്ക് ഈ ബോർഡ് നേതൃത്വം നൽകും.
കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ടി. ആർ. ഉദയകുമാർ വൈസ് ചെയർമാനാകും. വൈക്കം എം. കെ. ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി.
കേരള ഫോക്ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. സാംസ്കാരിക പ്രവർത്തകൻ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ.




LEAVE A REPLY