ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെ വലിച്ചിഴച്ച് പൊലീസ്. എ എ റഹീം എംപി, വി ശിവദാസന്‍ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി അടക്കമുള്ളവരെയാണ് പൊലീസ് വലിച്ചിഴച്ചത്. നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പട്ടേല്‍ ചൗക്ക് ഗേറ്റ് നമ്പര്‍ 2 മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സിപിഐഎം രാജ്യസഭാ എംപിമാരും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധിച്ചത്. പ്രതിഷേധം അഞ്ച് മിനിറ്റ് പോലും കടക്കുന്നതിന് മുന്‍പ് പൊലീസ് ഇടപെട്ടു.

പ്രതിഷേധിച്ച എ എ റഹീം, വി ശിവദാസന്‍, ആദര്‍ശ് എം സജി അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയായിരുന്നു പ്രദേശത്ത് വിന്യസിച്ചിരുന്നത്.