തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി സിജെപി. നാളേയ്ക്കകം രാജി സമർപ്പിച്ചില്ലെങ്കിൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും തുടർന്ന് രാജ്യത്തിലെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ എക്‌സിലൂടെ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, ഇത്തരം അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം മറ്റൊരു കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ക്രമക്കേടുകൾക്കെതിരെ സംസാരിക്കുകയും എന്നാൽ അതേ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുകയും ചെയ്യുന്നത് പിഴവുകളുള്ള ഈ സംവിധാനത്തിന് നിയമസാധുത നൽകാനേ സഹായിക്കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടികൾ പിളരുകയും ജനപ്രതിനിധികൾ കൂറുമാറുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ രാഷ്ട്രീയ അതിജീവനമല്ല, ജനാധിപത്യത്തിന്റെ സംരക്ഷണമാണ് പ്രധാനം. സ്വന്തം സ്വാധീനമേഖലകളിൽ മാത്രം അട്ടിമറി ആരോപിക്കുകയും മറ്റുള്ളയിടങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്നത് ശരിയല്ല. സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറം രാജ്യത്തെയും ജനാധിപത്യത്തെയും മുൻനിർത്തി പ്രതിപക്ഷ പാർട്ടികൾ കൃത്യമായ നിലപാടെടുക്കണമെന്നും അഭിജീത് ദിപ്‌കെ കൂട്ടിച്ചേർത്തു.