തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരാൻ നീക്കം. വാർത്താസമ്മേളനത്തിനിടയിലെ ബഹളം ഒഴിവാക്കുന്നതിന്റെ ഭാഗമായി ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് മൈക്ക് നൽകാനാണ് ആലോചന. മൈക്കിലൂടെയുള്ള ചോദ്യങ്ങൾക്ക് മാത്രമായിരിക്കും ഇനി മുഖ്യമന്ത്രി മറുപടി നൽകുക.

ക്ഷോഭപ്രകടനങ്ങൾ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്ന ആശങ്കയെത്തുടർന്നാണ് പുതിയ ആലോചനകൾ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പി.ആർ.ഡിയുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.

മാധ്യമപ്രവർത്തകർ എല്ലാം ഒരുമിച്ച് ചോദ്യം ചോദിക്കുന്നത് വലിയ ബഹളത്തിന് കാരണമാകുന്നുണ്ടെന്നും, ബഹളം മൂലം ചോദ്യങ്ങൾ വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി മുൻപും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അസുഖകരമായ ചോദ്യങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്ന വിമർശനവും ഇതിനോടകം ഉയരുന്നുണ്ട്. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെക്കൂടി വ്യക്തമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ക്യാമറ ക്രമീകരണങ്ങളും ഇതിന്റെ ഭാഗമായി ആലോചിക്കുന്നുണ്ട്.

കോവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങളിലും മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ മൈക്ക് നൽകുന്ന രീതി നടപ്പിലാക്കിയിരുന്നു. സമാനമായ രീതിയാണ് നിലവിലും തിരികെ കൊണ്ടുവരാൻ ആലോചിക്കുന്നത്.