പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വർണ തിളക്കം. ഫൈനലിൽ കരുത്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ 33-39 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ഈ വിജയത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം കൂടുതൽ കരുത്താർജ്ജിച്ചു. നിലവിൽ 4 സ്വർണവും 11 വെള്ളിയും 13 വെങ്കലവുമടക്കം ആകെ 28 മെഡലുകളോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ് തുടരുന്നത്. നേരത്തെ വനിതകളുടെ കബഡിയിലും ഇറാനെ തകർത്ത് ഇന്ത്യ സ്വർണം നേടിയിരുന്നു. 37-34 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഏഷ്യൻ ഗെയിംസിൽ തുടർച്ചയായ രണ്ടാം തവണയാണ് കബഡിയിൽ ഇന്ത്യൻ വനിതകൾ സ്വർണം നേടുന്നത്.

കൂടാതെ ഇന്ന് നടന്ന മത്സരങ്ങളിൽ മലയാളി താരം വിദർശ വിനോദിൻ്റെ വെള്ളി മെഡൽ അടക്കം രണ്ട് വെള്ളി മെഡലുകളാണ് ഇന്ത്യ അക്കൗണ്ടിൽ എത്തിച്ചത്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീം മെ‍ഡൽ അണിഞ്ഞപ്പോൾ പുരുഷ മാരത്തണിൽ സാവൻ ബർവാൾ വെള്ളി കരസ്ഥമാക്കി.