ന്യൂ ഡൽഹി: യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പരാതി നൽകിയെന്ന് സ്ഥിരീകരിച്ച അടൂർ പ്രകാശ്, ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളിൽ പ്രതികരിക്കാൻ തയ്യാറായില്ല. യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവുമായി അദ്ദേഹം നേരത്തെയും രംഗത്തെത്തിയിരുന്നു. വി.ഡി. സതീശനെതിരായ വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്ന് അടൂർ പ്രകാശ് ആവർത്തിച്ചു. ഈ വിഷയത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

അതൃപ്തി തുറന്ന് പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അടൂർ പ്രകാശ് അസാധാരണ വാർത്താ സമ്മേളനവും നടത്തിയിരുന്നു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ നടന്നത് യാതൊരു ചർച്ചയും ഇല്ലാതെയണെന്ന് അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനത്തിലും, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തിയും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെയും മുന്നണിയുടെയും പല നിർണായക കാര്യങ്ങളും താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചിരുന്നു.

യുഡിഎഫിൽ യാതൊരു കൂടിയാലോചനയും നടക്കുന്നില്ലെന്നും മുന്നണി യോഗങ്ങൾ കൃത്യമായി ചേരാൻ കഴിയുന്നില്ലെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി. യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നുവെങ്കിലും ഇതിന് മുൻകൈ എടുത്തില്ല. പല കാര്യങ്ങളും പരസ്പരം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു. യുഡിഎഫും കോൺഗ്രസും തമ്മിൽ സംഘർഷമില്ലെങ്കിലും ഇത്തരം കാര്യങ്ങൾ പരസ്യമായി പറയേണ്ടിവന്നത് യാഥാർത്ഥ്യമാണ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒറ്റത്തവണ മാത്രമാണ് ക്ലിഫ് ഹൗസിൽ യോഗം ചേർന്നത്. ആർക്കെങ്കിലും സ്ഥാനമാനങ്ങൾ കൊടുത്തതിൽ എതിർപ്പില്ലെങ്കിലും കൂട്ടായ ചർച്ചയിലൂടെയായിരുന്നു തീരുമാനം വരേണ്ടിയിരുന്നത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ കൂടിയാലോചന നടത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.