തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ കുതിച്ചുയരുന്നു. ഇന്നലെ 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5,348 മെഗാവാട്ടായി ഉയർന്നു.
ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നതിനാൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ രാത്രി പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചാൽ നിയന്ത്രണം ഒഴിവാക്കാനായേക്കും.

കടുത്ത പ്രതിസന്ധിക്കിടയിലും കേന്ദ്ര വിഹിതമായ 1,610 മെഗാവാട്ട് പൂർണ്ണമായി ലഭിച്ചതിനാൽ തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വേണ്ടിവന്നില്ല. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഉപഭോഗം കുറഞ്ഞതും പവർ ഗ്രിഡിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കാൻ കേരളത്തിന് സഹായകരമായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാൻ ശ്രമം തുടരുകയാണ്. അതേസമയം കടുത്ത വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. കൂടുതൽ സ്ഥാപനങ്ങളുമായി കരാറിലേർപ്പെടാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്.