തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്സണൽ സ്റ്റാഫിൽ കൂട്ടരാജി. പേഴ്സണൽ അസിസ്റ്റന്റ് വി. വിമലിന്റെ രാജിക്ക് പിന്നാലെ എംഎൽഎയുടെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ് എംഎൽഎയ്ക്ക് ഉണ്ടായിരുന്നത്, ഇതിൽ രണ്ടുപേരും ഇപ്പോൾ രാജിവെച്ചിരിക്കുകയാണ്.

പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തുടർച്ചയായി രാജിവെക്കുന്ന പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വം എംഎൽഎയോട് വിശദീകരണം തേടിയേക്കും. നേരത്തെ തദ്ദേശ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാവായ വിമൽ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്ന് അറിയിച്ചിരുന്നെങ്കിലും ജോലിഭാരം മൂലമാണ് രാജിയെന്നായിരുന്നു രമ്യ ഹരിദാസ് വിശദീകരിച്ചത്.

ചിറയിൻകീഴിലെ പാർട്ടി കയ്യാങ്കളി വിവാദങ്ങൾക്ക് പിന്നാലെയാണ് ഈ കൂട്ടരാജി എന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ നാലിന് രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ നടന്ന വാക്കുതർക്കത്തിലും കയ്യാങ്കളിയിലും എംഎൽഎയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും പക്വതയില്ലാതെയാണ് ഇടപെട്ടതെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. തനിക്കെതിരെ അപവാദപ്രചാരണമുണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യ വിവാദമുണ്ടാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി അധ്യക്ഷൻ രമ്യ ഹരിദാസിന് താക്കീത് നൽകിയിരുന്നു.