കോട്ടയം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാപിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത ഗൗരവമുള്ള കേസാണെന്നും, വിഷയം കൃത്യമായി പരിശോധിച്ച ശേഷം കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സാപിഴവ് മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും ഇത്തരം ഗുരുതര വീഴ്ചകൾ ആരോഗ്യ വകുപ്പിന് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ചികിത്സാപിഴവ് മൂലം രോഗികൾ മരണപ്പെടുന്നത് വളരെ ദുഃഖകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. “നാലഞ്ച് കേസുകളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ചിലത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണെങ്കിലും ചില കേസുകൾ കടുത്ത വീഴ്ചകളാണ്. കണ്ണൂരിലെ പോലെയല്ല കോട്ടയത്തെ വിഷയം. കോട്ടയത്ത് സംഭവിച്ചതിനെ ന്യായീകരിക്കാനാവില്ല. വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇതിൽ എന്തുവേണമെന്ന് സർക്കാർ ഗൗരവമായി ആലോചിച്ച് നടപടിയെടുക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
ഈ മാസം ആദ്യം ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ കടുത്ത ചികിത്സാപിഴവ് ആരോപണം ഉയർന്നിരുന്നു. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയവെയായിരുന്നു ഹസീന മരണപ്പെട്ടത്. ഇതിനെ തുടർന്ന് ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ചികിത്സാപിഴവുമാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു.




LEAVE A REPLY