തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യക്കടത്തിനും പോക്സോ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു. ബെംഗളൂരുവിൽ നിന്നെത്തിച്ച പെൺകുട്ടിയെ മാതൃസഹോദരിയുടെയും സുഹൃത്തിന്റെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഒരു വർഷത്തോളമായി പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടിയെ ജോലിക്കെത്തിച്ചതാണെന്നു വിശ്വസിപ്പിച്ചാണ് ബെംഗളൂരുവിൽ നിന്നും കോവളത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് സ്പായിലടക്കം എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ദിവസേന വലിയ തുക എത്തിയിരുന്നുവെന്നും ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
പീഡനം സഹിക്കവയ്യാതെ സ്പായിലെ ജീവനക്കാരനായ ആൺസുഹൃത്തിനൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതൃസഹോദരി നാഗലക്ഷ്മിയും സുഹൃത്ത് ഗോപിയും പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊടും ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്പാ ജീവനക്കാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.
ജൂലൈ മുതൽ സ്പാ സന്ദർശിച്ചവരുടെ പട്ടിക പോലീസ് തയ്യാറാക്കി വരികയാണ്. ഈ പട്ടികയിലുള്ളവരുമായി പെൺകുട്ടിയുടെ തിരിച്ചറിയൽ പരേഡ് നടത്തി, തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.




LEAVE A REPLY