പാലക്കാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിന് നേരെ കെ.പി. ശശികലയുടെ ഭീഷണിയെന്ന് പരാതി. അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ, മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ് ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാർ വെളിപ്പെടുത്തി.

മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ പിൻവലിപ്പിക്കാൻ തയ്യാറാകുകയാണ് ശശികല ചെയ്യേണ്ടതെന്ന് അനിൽകുമാർ വ്യക്തമാക്കി. മരിച്ച കുട്ടിയോടും ദുഃഖിതരായ കുടുംബത്തോടും അൽപ്പം മര്യാദ കാണിക്കാൻ തയ്യാറാകണമെന്നും, അതിനുശേഷമേ മാനനഷ്ടവുമായി മുന്നോട്ടു ഇറങ്ങുന്നതിൽ അർത്ഥമുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താൻ ഉന്നയിച്ച കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മാധ്യമങ്ങളിലൂടെ അത് പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണമെന്നും രാത്രി പകലാക്കാമെന്നും നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെയെന്നും ശശികല ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് തനിക്കെന്നും, ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയതെന്നും അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ എന്നും ശശികല പറഞ്ഞു.

തന്നെ ഫോണിൽ വിളിച്ച് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശികല ടീച്ചർ ഭീഷണിപ്പെടുത്തിയതായി ഗോപികയുടെ അച്ഛൻ്റെ സഹോദരൻ എം.ആർ അനിൽകുമാർ ഫേയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ശശികലയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും, അത് വ്യാജമാണെങ്കിൽ അത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കാനായി അവർ ആദ്യം ഡിജിപിക്ക് പരാതി നൽകി പ്രസ്താവന പരസ്യമായി നിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.