നഗോയ: ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു. അവസാനം വരെ മുന്നിലായിരുന്ന ആൻസിയെ ആറാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് മറികടക്കുകയായിരുന്നു. ചൈനീസ് താരം 6.55 മീറ്റർ ചാടി.

ആദ്യശ്രമത്തിൽ 6.49 മീറ്റർ ദൂരത്തിൽ മിന്നും പ്രകടനമാണ് ആൻസി പുറത്തെടുത്തത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. പിന്നീട് ആൻസിയാണ് മുന്നിട്ടുനിന്നത്.

എന്നാൽ അഞ്ചാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. അഞ്ചാം ശ്രമത്തിൽ അത് മറികടന്ന് ആൻസി നില ഭദ്രമാക്കി. 6.53 മീറ്ററാണ് ആൻസി ചാടിയത്.

സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്. ചൈനീസ് താരം 6.55 മീറ്റർ ചാടി.