തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്ഫോമിലൂടെ കാണികൾക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ഗാലറി ടിക്കറ്റുകൾക്ക് 650 രൂപയാണ് നിരക്ക്.

പവലിയൻ ടിക്കറ്റിന് 1250 രൂപയും, പവലിയൻ എ, ജെ എന്നിവയ്ക്ക് 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റുകൾക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 5000 രൂപയുമാണ് നിരക്ക്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്.

ഔദ്യോ​ഗിക പ്ലാറ്റ്ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യർത്ഥിച്ചു.ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം. ടിക്കറ്റ് സംബന്ധമായ സഹായത്തിനും കാണികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനുമായി ബോക്സ് ഓഫീസും പ്രത്യേക ഹെൽപ് ഡെസ്കും സജ്ജീകരിക്കും.

സ്കൂൾ‌-കോളജ് വിദ്യാർഥികൾക്ക് മത്സരം നേരിൽ കാണുവാൻ ടിക്കറ്റ് നിരക്കിൽ കെസിഎ ഇളവ് പ്രഖ്യാപിച്ചു. എന്റർടെയ്ൻമെന്റ് ടാക്സ് ഉൾപ്പെടെ 300 രൂപയാണ് നിരക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളേജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പതിനഞ്ച് വയസിൽ താഴെയുള്ള വിദ്യാർഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 300 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും.

സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് ആവശ്യത്തിന് സൗജന്യ കുടിവെള്ളം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരം വീക്ഷിക്കാനായി പ്രതീക്ഷിക്കുന്നത് 35,000 കാണികളെയാണ്. ഇവർക്കായി ഒരാൾക്ക് മൂന്ന് ലിറ്റർ വെള്ളമെന്ന നിലയിൽ 105000 ലിറ്റർ കുടിവെള്ളം ​സ്റ്റേഡിയത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ക്രമീകരിക്കും.

മത്സരദിവസം സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് വാഹന പാർക്കിങ് സു​ഗമമാക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റിൽ തന്നെ പാർക്കിങ് വിവരങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാണികൾക്കായി അനുവദിച്ചിട്ടുള്ള വിവിധ പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കാനാകും.

സെപ്തംബർ 23ന് വെസ്റ്റ് ഇൻഡീസ് , ഇന്ത്യൻ ടീമുകൾ തിരുവനന്തപുരത്ത് എത്തും. 27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ ഏകദിന മത്സരത്തിന് തുടക്കമാകും. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. മൂന്നാം മത്സരം ഒക്ടോബർ 3ന് മൊഹാലി പിസിഎ സ്റ്റേഡിയത്തിൽ നടക്കും.