കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ ഭൗതികശരീരങ്ങൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻമേരി മാത്യു (35) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ജന്മനാട്ടിലെത്തിച്ചത്.
വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. വിദേശത്ത് ഉപരിപഠനത്തിനും തൊഴിലിനുമായി പോയ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗം ഇരു കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി. വിമാനത്താവളത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
കഴിഞ്ഞമാസം 28നാണ് അമേരിക്കയിലെ കാലിഫോർണിയയിൽ ഇരുവരും കൊല്ലപ്പെട്ടത്. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനില ബേബി നിലവില്‍ ജയിലിലാണ്. പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റും അമേരിക്കയിലെ മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകാനുള്ള കാലതാമസം മൂലമാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകിയതെന്നാണ് വിവരം. അതേസമയം എന്താണ് ഇരുവരുടെയും കൊലപാതകത്തിന് പിന്നിലെ കാരണമെന്നതിൽ വ്യക്തതയില്ല. അമേരിക്കന്‍ പൊലീസ് അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.




LEAVE A REPLY