ലുധിയാന: പഞ്ചാബ് വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രം ഉൾപ്പെട്ടതായി ആരോപണം. ലുധിയാന ഈസ്റ്റ് നിയമസഭ മണ്ഡലത്തിലെ വോട്ടർപട്ടികയിലാണ് ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം കണ്ടെത്തിയത്. അമൻ കുമാർ എന്ന വോട്ടറുടെ പേരിനൊപ്പമുള്ള സീരിയൽ നമ്പറിലാണ് ഈ ചിത്രം ഉൾപ്പെട്ടിരുന്നത്. സംഭവം വിവാദമായതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് രാജാ വാറിംഗ് വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും പഞ്ചാബിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ പിഴവുകളാണ് ഉള്ളതെന്ന് ആരോപിക്കുകയും ചെയ്തു. രാജ്യത്ത് എസ്.ഐ.ആർ നടപടികളും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനിൽക്കെയാണ് ഈ സംഭവം പുറത്തുവന്നത്.

ആരോപണങ്ങൾക്ക് മറുപടിയുമായി ലുധിയാന ജില്ലാ ഇലക്ടറൽ ഓഫീസറും പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ ആനന്ദിത മിത്രയും രംഗത്തെത്തി. ഭഗത് സിംഗിന്റെ ചിത്രം അന്തിമ വോട്ടർ പട്ടികയിലില്ലെന്നും, കഴിഞ്ഞ ആഗസ്റ്റ് 13-ന് പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിലുണ്ടായിരുന്ന പിഴവാണിതെന്നുമാണ് അധികൃതരുടെ വിശദീകരണം. എസ്.ഐ.ആർ പ്രക്രിയയിലൂടെ ഈ പിഴവ് പിന്നീട് തിരുത്തുകയും കൃത്യമായ ഫോട്ടോകൾ സഹിതം അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.