തിരുവനന്തപുരം: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. കെപിസിസി സെക്രട്ടറി ജോൺ ഡാനിയേലാണ് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും, പീഡന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചതിന് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പ്രതി ചേർക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണ് ഈ വിഷയമെന്ന് ജോൺ ഡാനിയേൽ ചൂണ്ടിക്കാണിക്കുന്നു. പാർട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി ലഭിച്ചിട്ടും അത് പോലീസിന് കൈമാറാതെ പാർട്ടി തലത്തിൽ ഒതുക്കാൻ ശ്രമിച്ചുവെന്നാണ് മാധ്യമ വാർത്തകളിലൂടെ വ്യക്തമാകുന്നതെന്നും, അതിനാൽ സുരേഷ് ബാബുവിനെതിരെ ഉടൻ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.