തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് – യുവ മോര്‍ച്ച സംഘര്‍ഷത്തിലെ പൊലീസ് നടപടി ഏകപക്ഷീയമെന്ന പരാതിയുമായി ബിജെപി. പൊലീസിനെതിരെ പരാതി രേഖപ്പെടുത്തി കത്ത് ഡി.ജി.പിക്ക് കൈമാറിയെന്ന് ബിജെപി നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റേതാണ് കത്ത്. പൊലീസിന്റേത് ഏകപക്ഷീയ നടപടിയാണ്. കോൺഗ്രസിന്റെ അക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നു. പൊലീസ് സാന്നിധ്യത്തിലാണ് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരേ ആക്രമണം ഉണ്ടായത്. ബിജെപി ഓഫീസ് ആക്രമിച്ച പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. മറിച്ച് ഡിസിസി ഓഫീസ് ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസുകൾ ചുമത്തിയെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.