തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് ആവേശത്തിൽ. ഇന്ന് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഉച്ചയ്ക്ക് രണ്ടിന് മത്സരം തുടങ്ങും.

മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രത്യേക ക്യുആർ കോഡ് ടിക്കറ്റ് ജീനി ആപ്പിൽ രാവിലെ എട്ടു മണി മുതൽ ലഭ്യമാകും. ഈ കോഡ് സ്‌കാൻ ചെയ്തായിരിക്കും അകത്തേക്ക് പ്രവേശനം അനുവദിക്കുക.

പ്രിന്റ് ടിക്കറ്റുകളുമായി വരുന്നവർക്കും പരിശോധനയുണ്ടാകും. ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്തായിരിക്കും ആളുകളെ സ്റ്റേഡിയത്തിലേക്ക് കടക്കാൻ അനുവ​ദിക്കുക. ടിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും മാത്രമേ പ്രവേശനം ഉണ്ടാകൂ. ഒരു തവണ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ പിന്നീട് അത് ഓട്ടോമാറ്റിക് ആയി അപ്രത്യക്ഷമാകും എന്നും മറക്കരുത്. അതായത്, സ്റ്റേഡിയത്തിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നീട് ഒരു കാരണവശാലും വീണ്ടും അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല.